തിരുവനന്തപുരം: രാജ്യത്തിന് മാതൃകയായ ഒരു പൊതുവിതരണ സംവിധാനം നിലവിലുള്ള സംസ്ഥാനമാണ് കേരളമെന്നും എല്ലാ കുടുംബങ്ങൾക്കും റേഷൻ കാർഡ് എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഇക്കാലയളവിൽ പൊതുവിതരണ വകുപ്പിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി ജി.ആർ. അനിൽ.
നെടുമങ്ങാട് ടൗൺഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ അർഹരായ 39,000 കുടുംബങ്ങൾക്ക് പുതുതായി മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഭക്ഷ്യലഭ്യത ഉറപ്പുവരുത്തുക, ദാരിദ്ര്യ നിർമ്മാർജനം ചെയ്യുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽകണ്ട് പ്രവർത്തിക്കുന്ന ഒന്നാണ് സംസ്ഥാനത്തെ പൊതുവിതരണ വകുപ്പ്. പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങൾക്കൊപ്പം നിന്ന് അവരെ ചേർത്തുപിടിക്കുന്നതിന് വകുപ്പിന് കഴിഞ്ഞിട്ടുണ്ട്.
ഇക്കാരണങ്ങളാൽ മുൻഗണനാപട്ടികയുടെ ശുദ്ധീകരണം ഒരു തുടർപ്രക്രിയയായി കണ്ട് വകുപ്പിന്‍റെ ഫലപ്രദമായ ഇടപെടലിലൂടെ അനർഹരുടെ കൈയിൽ നിന്നും മുൻഗണനാ വിഭാഗം കാർഡുകൾ പിടിച്ചെടുക്കുന്നതിനും ഇത്തരത്തിൽ ലഭ്യമായ ഒഴിവുകളിൽ അർഹരായ കുടുംബങ്ങളെ ഉൾപ്പെടുത്തി അവരുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുന്നതിനും വകുപ്പിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി.
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 5,85,169 കുടുംബങ്ങൾക്ക് പുതുതായി റേഷൻ കാർഡ് അനുവദിച്ചിട്ടുണ്ട്. 1,25,326 മുൻഗണനാ കാർഡുകളും 4,45,610 പൊതുവിഭാഗം കാർഡുകളും 8,427 (എൻപിഐ) കാർഡുകളും പുതുതായി അനുവദിച്ചിട്ടുണ്ട്.
പുതുതായി അനുവദിച്ചതും തരംമാറ്റി നൽകിയതും ഉൾപ്പടെ അർഹരായ 6,76,700 കുടുംബങ്ങൾക്ക് മുൻഗണന കാർഡുകൾ നൽകിയിട്ടുണ്ട്. കൂടാതെ വകുപ്പിന്‍റെ ഫലപ്രദമായ ഇടപെടലിലൂടെ അർഹരായ 65440 കുടുംബങ്ങളുടെ കാർഡുകൾ എഎവൈ വിഭാഗത്തിലേക്ക് തരംമാറ്റി നൽകുകയും ചെയ്തിട്ടുണ്ടെന്നും അനിൽ കൂട്ടിച്ചേർത്തു.